തിരുവനന്തപുരം: പരീക്ഷാ, നിയമന ക്രമക്കേടിൽ പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ നടപടികൾ അടുത്ത ദിവസങ്ങളിൽ തുടങ്ങാൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ക്രമക്കേടിൽ പരീക്ഷാ- മൂല്യനിർണയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക.
200 മാർക്കിനുള്ള വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസ് നാല് ഭാഗങ്ങളാക്കിയാണ് മൂല്യനിർണയത്തിന് കൈമാറേണ്ടിയിരുന്നത്. ഇതിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്റ്റ്വേറിലെ പിഴവായതെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. എന്നാൽ ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറിയുമടക്കം ഉന്നത ഉദ്യോഗസ്ഥർ ക്രമക്കേട് അറിഞ്ഞിട്ടും റാങ്ക് പട്ടികയോ നിയമനമോ റദ്ദാക്കാതിരുന്നത് കുറ്റകരമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
പിഎസ്സി നടത്തിയ ഇരുപതോളം പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള നൂറിലേറെ പരാതികളാണ് ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഒരു പരീക്ഷയെക്കുറിച്ച് അഞ്ചു പരാതിക്കാരെങ്കിലുമുണ്ട്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം വിപുലീകരിച്ചു.
അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷയിലെ ഒന്നാംറാങ്കുകാരൻ എഴുതാതിരുന്നതും തെറ്റിച്ചതുമായ പത്ത് ചോദ്യങ്ങൾ വീണ്ടും മൂല്യനിർണയം നടത്താൻ പിഎസ്സിയോട് ആവശ്യപ്പെട്ടെന്ന പ്രചാരണം ക്രൈംബ്രാഞ്ച് തള്ളി.